10/4/12

ഒരു ഡിജിറ്റല്‍ കണ്ണുപ്പൊത്തി കളി അഥവാ ഒരു ദുബായ് പൊറോട്ട നാടകം !!

ദുല്കര്‍ സല്‍മാന്‍ ...ഏയ്...അല്ലല്ല...പ്രിഥ്വിരാജ്..
ഒന്ന് പോടാപ്പാ...!!
ഇനി പ്രണവ് മോഹന്‍ലാല്‍ എങ്ങാനും ആണോ...!!

ശോ...മമ്മുക്ക തന്നെ മതിയായിരുന്നു....

ഇവിടെ ഒരു പേരിടീല്‍ ചടങ്ങ് നടക്കുന്നു എന്ന് തെറ്റിദ്ധരിച്ച മാന്യ വായനക്കാര്‍ക്ക്‌ തെറ്റി. തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ അടിയന്‍ പ്രിയ വായനക്കാര്‍ക്ക്‌ 9 ഗ്യാസ് കുറ്റിയും 4 ലിറ്റര്‍ പെട്രോളും ( റേഷന്‍ കാര്‍ഡും പെട്രോള്‍ കൈ പറ്റാന്‍ കന്നാസും ആയി വരുന്നവര്‍ക്ക് മാത്രം ) ഇഷ്ടധാനമായി നല്‍കിക്കൊള്ളാമെന്ന്  ഇതിനാല്‍ അറിയിച്ചുക്കൊള്ളുന്നു . തിരുപ്പാച്ചിയും ശിവകാശിയും ഒക്കെ കാണിച്ചു അന്പുള്ള തമിഴ് മക്കളെ രോമാഞ്ച കഞ്ചുകുതരാക്കുകയും , റിലീസിന് തിയേറ്റര്‍ കിട്ടാതെ നട്ടം തിരിഞ്ഞു നിന്ന പാവം മലയാള സിനിമ നിര്‍മ്മാതാവിനെ മൂക്ക് കൊണ്ട് 'ഖ' , 'ഞ്ച' , 'ഋ ' മുതലായ അക്ഷരങ്ങള്‍ വരപ്പിക്കുകയും ചെയ്ത സര്‍വ ശ്രീ പെരരശു അവറുകള്‍ ആദ്യമായി മലയാളത്തില്‍ കാലു കുത്താന്‍ പോകുന്ന ചിത്രമാണ്‌ സാമ്രാജ്യം 2 . ഇവിടെ ഉള്ളവന്മാര്‍ തന്നെ കുത്തി കുത്തി മലയാള സിനിമ ഏതാണ്ട് ഒരു വഴിക്കായി ഇരിക്കുമ്പോഴാണ് ഇടത്തേക്ക് മുണ്ടും മടക്കി കുത്തി, കുളിച്ചു കുറിയും തൊട്ടു, നായകനെയും സസ്പെന്‍സ് ആക്കി വെച്ച് തമിഴ് നാട്ടില്‍ നിന്ന് അണ്ണന്‍റെ വരവ്. എന്തിരാകുവോ എന്തോ ( പുച്ഛം വാരി വിതറുമ്പോ അറിയാതെ എനിക്ക് തിരോന്തോരം ഭാഷകള് കേറി വരും. കഷ്ടം തന്നെ !! )

എന്തിരേലും ആട്ടെ..മര്യാദക്ക് വന്നങ്ങു പടം പിടിച്ചിട്ടു പോയാല്‍ പോരേ ?
അതില്ല !! പകരം മലയാള സിനിമയെ ഉത്ബോധിപ്പിച്ചു പണ്ടാരമടക്കിയിട്ടെ പൊകൂ എന്ന് വാശി പിടിച്ചാല്‍ എന്ത് ചെയ്യും? ഞങ്ങള്‍  മലയാളികള്‍ ആദ്യം കരുതി ദുല്കര്‍ ആവും നായകന്‍ എന്ന്.പിന്നെ അടുത്തവീട്ടിലെ സോമശേഖരന്‍ പറഞ്ഞു നായകന്‍ പ്രിഥ്വിരാജ് ആണെന്ന് ( പ്രിഥ്വിരാജ് ഫാന്‍സ്‌ അസോസിയേഷന്‍ കല്ലുവെട്ടാന്‍ കുഴി പ്രസിഡന്റ്‌ ആണ് മേല്‍ പറഞ്ഞ സോമന്‍ ).അപ്പോഴാണ് ഒരു വാര്‍ത്ത‍ കേള്‍ക്കുന്നത് ഉണ്ണി മുകുന്ദന്‍ വരുന്നു നായകനായി എന്ന്.അതും കൂടി അങ്ങ് കേട്ടതോടെ ഞങ്ങള്‍ മലയാളികള്‍ ഹൃദയം തകര്‍ന്നു താടിക്ക് കയ്യും കൊടുത്തു കണ്ണില്‍ കടുകെണ്ണയും ഒഴിച്ച് നോക്കിയിരുന്നു ഫേസ്ബുക്കില്‍ . ( ഇനി ബിരിയാണി  കൊടുക്കുന്നുണ്ടെങ്കിലോ  !! ). ഉണ്ണിക്കുട്ടന്‍ അലക്സാണ്ടര്‍ ചേട്ടന്‍റെ മകനായി RX 100-ല്‍ വന്ന് ഇറങ്ങുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണര്‍ന്ന സോമശേഖരനെ ആശ്വസിപ്പിക്കാന്‍ ഞങ്ങ പെട്ട പാട് ഈ പെരരശു അണ്ണന് അറിയണോ !!

അങ്ങനെ ദിവസങ്ങള്‍ പെട്ടന്നു കടന്നു പോയി.ഫാന്‍സുകാര്‍ തമ്മില്‍ തല്ലി അലക്സാണ്ടര്‍ തല്ലുകൊള്ളിയുടെ മകന്‍റെ വരവ് ഒരു മഹാ സംഭവം ആക്കി.ഓണം ഓഗസ്റ്റില്‍ കഴിഞ്ഞതു ഏത്രയോ നന്നായി.ഇല്ലെങ്കില്‍ ഇവന്മാരെല്ലാം കൂടി മഹാബലി തമ്പുരാനെ പിടിച്ചു Son Of Alexander ആക്കിയേനെ.അങ്ങനെ എങ്ങാനും സംഭവിച്ചിരുന്നെങ്കില്‍ അടുത്ത ചിങ്ങ മാസത്തില്‍ പാവം മലയാളി ആരെയോര്‍ത്ത് കള്ള് കുടിക്കും  ? ഹോ ..!!
ബിവറെജസ് ഭഗവാന്‍ കാത്തു !! 

അറബി നാട്ടില്‍ ഒരുങ്ങുന്ന വര്‍ണാഭമായ സാമ്രാജ്യം 2 എന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങിലേക്ക് കണ്ണും നട്ടിരിക്കുന്ന മലയാളിയോട് 2-3 വാക്കുകള്‍.

സ്നേഹിതന്മാരേ,  'അടിപൊളി പടം', 'ഹോളിവുടിനെ വെല്ലുന്ന Action സിനിമ ' , 'കിടിലന്‍ പടം' എന്നൊക്കെ ഉള്ള സ്വയം പുകഴ്ത്തലുകള്‍ കേള്‍ക്കാന്‍ സാധ്യത ഉള്ള ഒരു തട്ടു പൊളിപ്പന്‍ സിനിമയുടെ നിലവാരം കുറഞ്ഞ പ്രി പ്രോഡക്ഷന്‍ മാര്‍ക്കെറ്റിംഗ് തന്ത്രത്തിലെ ഒരു കണ്ണി ആവുകയായിരുന്നു ഈ സിനിമയിലെ നായകനെ പ്രവചിച്ചു കാത്തിരുന്ന നിങ്ങളും അതിനെ പറ്റി  എഴുതിയ ഞാനും.കോടികള്‍ വാരി എറിഞ്ഞു നടത്തുന്ന പൂജ ചടങ്ങില്‍ അവതരിപ്പിക്കപെടാന്‍ പോകുന്ന നായകന്‍ ആരുമാവട്ടെ, അദേഹത്തെ വെച്ച് നടത്തിയ ഒരു കച്ചവട കുതന്ത്രമായി മാത്രം അവസാനിക്കും ഈ  HERO LAUNCH കണ്ണുപ്പൊത്തി കളി. ഇതുപോലെയോ ഇതില്‍ അധികമോ HYPE സൃഷ്ട്ടിച്ചു ഈ വര്‍ഷം ആദ്യം പുറത്തു വന്ന ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്‍റെ നിലവാരം മാന്യ സുഹൃത്തുക്കള്‍ ഓര്‍ക്കുന്നുണ്ടാവുമല്ലൊ !! 

കോടികള്‍ വാരി എറിഞ്ഞു ഉണ്ടാക്കി എടുക്കുന്ന ഒരു വില്‍പ്പന ചരക്കു മാത്രമല്ല സിനിമ.



2 comments:

  1. ഏതാണ്ട് പകുതി ഭാഗം വരെ കാര്യം എന്തെന്ന് മനസ്സിലായില്ല. കാരണം, ഞാന്‍ ഈ സംഭവത്തെ കുറിച്ച് തീര്‍ത്തും അജ്ഞയാണ്. അതുകൊണ്ട് തന്നെ, മുഴുവന്‍ തീര്‍ത്ത്‌ വീണ്ടും വായിക്കേണ്ടി വന്നു. അപ്പോള്‍ അവസാന വരി വളരെ കുറിയ്ക്കു കൊല്ലുന്നതായി തോന്നി. കുറച്ചുകൂടി ഉറച്ച ഒരു സ്ക്രിപ്റ്റ്‌ കൊടുക്കാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്. ഭാഷ ഇഷ്ടപ്പെട്ടു. രീതി പെട്ടെന്ന് ഒരു അരിശം കൊണ്ട് എഴുതിയത് പോലെ... :)
    ആദ്യമായിട്ടാണ് ഈ ബ്ലോഗ്‌ കാണുന്നത്. അതുകൊണ്ട് ഒരു വരി കൂടി- മുകളില്‍ വരികള്‍ക്കിടയിലൂടെ നീണ്ട കൈ വരികളെ മുറിക്കുന്നുണ്ട്. ദയവായി ശ്രദ്ധിക്കുക. അതൊഴിച്ചാല്‍ നല്ല ഡിസൈന്‍ . ഇനിയും എഴുതുക :)

    ReplyDelete
  2. Thanks for the valuable feedback Jyothi Sreedhar..:)
    That was really inspiring..Thanks a ton

    ReplyDelete